കേരളാ സ്കൂള്‍ കലോത്സവം തത്സമയ സംപ്രേഷണം

പുതിയ ഹരിതഗാഥകള്‍ എഴുതുകയാണ് ഈ പുഴയുടെ പുത്രന്‍.

എന്‍.പി.സി. രംജിത്, ചിത്രങ്ങള്‍: എം. ടി. വിധുരാജ് (Courtesy malayala monorama online)

 മുട്ടില്‍ പുഴയുടെ തീരത്ത് സനോജ്

പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നു കേള്‍ക്കുമ്പോള്‍, തലമുതിര്‍ന്നൊരാളുടെ രൂപമാണു മനസ്സില്‍ വരിക. പക്ഷേ പി.വി. തമ്പി മെമ്മോറിയല്‍ അവാര്‍ഡ് നേടിയ പരിസ്ഥിതി പ്രവര്‍ത്തകനെ കാണാന്‍ ചെറുകുന്ന് മുട്ടില്‍ അണക്കെട്ടിനു സമീപത്തെ കുറുക്കശ്ശേരി വീട്ടിലെത്തിയപ്പോള്‍ കണ്ടതു മെലിഞ്ഞു കൊലുന്നനെയുള്ളൊരു പതിനാലു വയസ്സുകാരനെ.  പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ക്കു പുനര്‍ജന്മം നല്‍കി കല്ലേന്‍ പൊക്കുടന്റെ വഴിയില്‍ പുതിയ ഹരിതഗാഥകള്‍ എഴുതുകയാണ് ഈ പുഴയുടെ പുത്രന്‍.

കണ്ടലിന്റെ കളിക്കൂട്ടുകാരന്‍...
ചെറുകുന്നിലെ മല്‍സ്യത്തൊഴിലാളിയായ കെ.ജി. സന്തോഷിന്റെ മകന്‍ സനോജ് പുഴയോടും ചെടികളോടുമൊപ്പമാണു കളിച്ചുവളര്‍ന്നത്. കണ്ടല്‍ക്കാടുകളായിരുന്നു അവന്റെ കളിക്കൂട്ടുകാര്‍. സനോജിന്റെ വീടിന് അതിരിടുന്നതു മുട്ടില്‍ പുഴയും അനുബന്ധ നീര്‍ത്തടങ്ങളുമാണ്.  വിവിധതരം കണ്ടലുകള്‍ തലയുയര്‍ത്തി നില്‍ക്കുന്ന വിശാലമായ തണ്ണീര്‍ത്തടങ്ങള്‍...

കുഞ്ഞുനാള്‍ മുതലേ കണ്ടതും കളിച്ചതുമെല്ലാം മുന്നിലെ കണ്ടല്‍ക്കാടുകളില്‍..  ചെറുകുന്ന് ഗവ. വെല്‍ഫയര്‍ സ്കൂളില്‍ ഏഴാം ക്ളാസിലെത്തിയപ്പോഴാണു കണ്ടല്‍ ക്കാടുകളുടെ പരിപാലനം സനോജ് ഗൌരവമായെടുക്കുന്നത്.

സ്കൂളിലെ ഹരിതസേനയില്‍ അംഗമായതോടെയായിരുന്നു ഈ മാറ്റം.  സനോജ് എന്നും കണികണ്ടുണരുന്ന കണ്ടലുകള്‍ പ്രകൃതിക്കു വേണ്ടപ്പെട്ട ചെടികളാണെന്നു ഹരിതസേനയുടെ ചുമതലക്കാരനായിരുന്ന പി.വി. പ്രഭാകരന്‍ മാഷാണു പറഞ്ഞുകൊടുത്തത്.  കണ്ടലുകളുടെ
പ്രാധാന്യവും പ്രത്യേകതകളും നട്ടുവളര്‍ത്തേണ്ടതിന്റെ ആവശ്യകതയുമെല്ലാം മാഷ് വിശദീകരിച്ചപ്പോള്‍ അത് കൊച്ചു സനോജിന്റെ മനസ്സില്‍ത്തറച്ചു.

ഹരിത സേനാനി...
സ്കൂള്‍ വിട്ടു വീട്ടിലെത്തിയ ശേഷം അച്ഛന്റെ തോണിയുമായി സനോജ് നീര്‍ത്തടത്തിലേക്കിറങ്ങും.  തഴക്കംവന്നൊരു തോണിക്കാരനെപ്പോലെ പുഴയിലൂടെ തുഴഞ്ഞുചെന്നു പലയിടത്തുനിന്നായി കണ്ടല്‍ത്തൈകള്‍ ശേഖരിക്കും.  വീട്ടിനടുത്ത് ഒരിടത്തു കൂട്ടിവയ്ക്കുന്ന ഇൌ തൈകളുമായി ഒഴിവുദിവസങ്ങളില്‍ വീണ്ടും തോണിയേറും.  തുഴഞ്ഞുതുഴഞ്ഞ്, പുഴയോരത്ത് കണ്ടലുകള്‍ കുറഞ്ഞ ഭാഗം കണ്ടെത്തി അവിടെ തൈകള്‍ നടും.  മൂന്നു വര്‍ഷംകൊണ്ട് ആയിരത്തിലേറെ കണ്ടല്‍ത്തൈകളാണ് സനോജ് ഇങ്ങനെ നട്ടുപിടിപ്പിച്ചത്.  ആദ്യകാലത്ത് നട്ടവയിലേറെയും ഇപ്പോള്‍ സനോജിനേക്കാള്‍ ഉയരത്തില്‍ വളര്‍ന്നുകഴിഞ്ഞു.


സ്കൂളിനരികിലെ നീര്‍ത്തടത്തില്‍ ഹരിതസേനയുടെ സഹകരണത്തോടെയും കണ്ടല്‍ത്തൈകള്‍ നട്ടു.  ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ജന്തുശാസ്ത്ര അധ്യാപകനായിരുന്നിട്ടും ഹൈസ്കൂള്‍ വിഭാഗത്തിലെ ഹരിതസേനയെ കര്‍മോല്‍സുകമാക്കി നിര്‍ത്താന്‍ പ്രഭാകരന്‍ മാഷ് ശ്രദ്ധിച്ചു.  സ്കൂളില്‍ കണ്ടല്‍ത്തോട്ടം ഒരുക്കാനും അംഗങ്ങളുടെ വീടുകളില്‍ കൂണ്‍കൃഷിയും അസോള കൃഷിയും മുയല്‍വളര്‍ത്തലും തുടങ്ങാനുമെല്ലാം ഹരിതസേനയ്ക്കു കഴിഞ്ഞു.


കണ്ടല്‍ വിജ്ഞാനകോശം...
ഒഴിവുകിട്ടുമ്പോഴെല്ലാം ഒാരുവള്ളത്തിലേക്കിറങ്ങുന്ന സനോജ് കണ്ടലുകള്‍ നടുന്നതിനൊപ്പം കണ്ടലുകളെക്കുറിച്ച് ആവേശത്തോടെ പഠിക്കാനും തുടങ്ങി.  ഹരിതസേനയുമായി ബന്ധപ്പെട്ടു വിവിധ മല്‍സരങ്ങളില്‍ പങ്കെടുത്തപ്പോള്‍ സമ്മാനമായി ലഭിച്ച പുസ്തകങ്ങളിലേറെയും പരിസ്ഥിതിയുമായി ബന്ധപ്പെട്ടവയായിരുന്നു.  അവയെല്ലാം സൂക്ഷ്മമായി വായിച്ചുപഠിച്ചു.  ഇപ്പോള്‍ കണ്ടലിനെക്കുറിച്ചു മണിക്കൂറുകള്‍ നീളുന്ന പ്രഭാഷണത്തിനും ഇൌ ബാല്യം തയാര്‍.

കണ്ടലുകളെക്കുറിച്ചു പറയാന്‍ തുടങ്ങിയാല്‍ സനോജിന് നൂറു നാവാണ്.  കേരളത്തില്‍ പതിനാലുതരം കണ്ടലുകളുണ്ട്.  കണ്ടലുകളില്‍ ഏറെയും കണ്ണൂരില്‍.  ഉപ്പട്ടിക്കണ്ടല്‍ നീര്‍ത്തടങ്ങളിലെ ഉപ്പിന്റെ അളവു നിയന്ത്രിക്കുന്നതും ഭ്രാന്തന്‍ കണ്ടലുകള്‍ സൂനാമിത്തിരകളെ അതിജീവിച്ച കഥകളും കണ്ടല്‍ക്കാടുകളിലെ വൈവിധ്യമുള്ള ആവാസവ്യവസ്ഥയെക്കുറിച്ചും അവയെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയുമെല്ലാം സനോജ് വാതോരാതെ പറയും, ശാസ്ത്രനാമവും രൂപവും ഭാവവും ഉള്‍പ്പെടെ.  കണ്ണാംപൊട്ടിക്ക് ഒൌഷധഗുണമുണ്ടെന്നും നക്ഷത്രക്കണ്ടലിന്റെ കായ അച്ചാറിടാമെന്നും കണ്ടലുകളില്‍ ഇടയ്ക്കിടെ ദേശാടനക്കിളികള്‍ വിരുന്നെത്താറുണ്ടെന്നുമെല്ലാം സനോജ് ആധികാരികമായി വിശദീകരിക്കും. മരത്തില്‍ നിന്നു തന്നെ വിത്തുപൊട്ടി മണ്ണില്‍ വീഴുന്നതുകൊണ്ട് കണ്ടലിനെ പ്രസവിക്കുന്ന സസ്യമെന്നും വിളിക്കാമെന്നു സനോജ് പറയുന്നു.

കണ്ടലുകളെക്കുറിച്ചു കൂടുതല്‍ പഠിക്കാനും അറിയാനും കൊതിക്കുന്ന സനോജിന് പരിസ്ഥിതി ശാസ്ത്രജ്ഞനാകാനാണ് ആഗ്രഹം.  പയ്യന്നൂരിലെ സീക്ക് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും പരിസ്ഥിതി സംബന്ധമായ ലേഖനങ്ങളുമെല്ലാം സനോജ് സൂക്ഷിച്ചുവച്ചിട്ടുണ്ട്.  കണ്ടല്‍ പ്രണയത്തിനൊപ്പം പാട്ടും വരയും പൂരക്കളിയുമെല്ലാം വഴങ്ങുമെന്ന് ഇൌ കൊച്ചുമിടുക്കന്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു.  എം. സുമിത്രയാണ് അമ്മ. ജ്യേഷ്ഠന്‍ സമീഷ് കണ്ണൂരില്‍ കംപ്യൂട്ടര്‍ വിദ്യാര്‍ഥിയാണ്.

No comments:

Post a Comment