കേരളാ സ്കൂള്‍ കലോത്സവം തത്സമയ സംപ്രേഷണം

സ്‌കൂള്‍ രാഷ്ട്രീയം: സി.പി.എം-ബി.ജെ.പി. പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി

പാലോട്: സ്‌കൂളിലെ നിസാര പ്രശ്‌നങ്ങള്‍ പറഞ്ഞവസാനിപ്പിക്കുന്നതില്‍ അധികൃതര്‍ കാട്ടിയ അലംഭാവം തെരുവില്‍ ബി.ജെ.പി-സി.പി.എം. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതില്‍ എത്തിച്ചു. മടത്തറ ചല്ലിമുക്കില്‍ ചൊവ്വാഴ്ച ഏഴു മണിയോടെ നടന്ന സംഘട്ടനത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. ബാലഗോകുലത്തിന്റെ പാലോട് താലൂക്ക് കാര്യദര്‍ശി സജീവ്കുമാര്‍ (32), ബി.ജെ.പി. ചല്ലിമുക്ക് യൂണിറ്റ് പ്രസിഡന്റ് ദിലീപ് (27), അനീഷ്, സായിറാം, അജോ, മിനിലാല്‍ എന്നീ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും ഡി.വൈ.എഫ്.ഐ, സി.പി.എം. പ്രവര്‍ത്തകരായ രാജേഷ്, റാഫി, നിഷാദ്, ഹസന്‍, സഹില്‍ മുഹമ്മദ് എന്നിവരെയാണ് പരിക്കേറ്റ് പാലോട്, കടയ്ക്കല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്ബാല്‍ കോളേജില്‍നിന്നും മടങ്ങുകയായിരുന്ന ശാസ്താംനട ബസ് ചല്ലിമുക്കില്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബസിലുണ്ടായിരുന്ന ചില ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ചല്ലിമുക്കില്‍നിന്നിരുന്ന ബി.ജെ.പി. യൂണിറ്റ് ഭാരവാഹികളുമായി തര്‍ക്കത്തിലായി. തുടര്‍ന്ന് നടന്ന വാക്കേറ്റങ്ങളാണ് സംഘട്ടനത്തില്‍ കൊണ്ടെത്തിച്ചത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കാനായത്. കഴിഞ്ഞ ഒരാഴ്ചയായി പരുത്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് സ്‌കൂള്‍ മതിലിന് പുറത്തെ കൂട്ടയടിക്ക് കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയില്‍ എടുത്തതായി കടയ്ക്കല്‍ പോലീസ് പറഞ്ഞു.

No comments:

Post a Comment